തിരുവനന്തപുരം : പഠന സൗകര്യങ്ങളില്ലാത്തതിനും ക്രമക്കേടുകൾക്കും കുപ്രസിദ്ധിയാർജ്ജിച്ച വർക്കല അകത്തുമുറിയിലെ എസ് ആർ മെഡിക്കൽ കോളേജ് ചെയർമാൻ ആർ ഷാജിയെ പ്രതിചേർത്ത്, ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തു. വിദ്യാർഥികൾ, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യുറോയ്ക്ക് നൽകിയ പരാതിയിൽ, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിന്മേൽ നൽകിയ റിപ്പോർട്ടിലാണ് ഈ ശുപാർശയുള്ളത്. വിദ്യാർത്ഥികളെ പഠന സൗകര്യമുള്ള മറ്റു കോളേജുകളിലേക്കു മാറ്റണമെന്നും ഇതുപോലെ സൗകര്യമില്ലാത്ത കോളേജിൽ പഠിച്ചിറങ്ങുന്ന വിദ്യാർഥികൾ നാളെ സമൂഹത്തിനുതന്നെ ഭീഷണിയാണെന്നും വിജിലൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കോളേജ് സ്ഥിതിചെയ്യുന്ന ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയും വ്യാജ അനുമതി പത്രം ഉണ്ടാക്കിയുമാണ് കോളേജ് മെഡിക്കൽ കൗൺസിലിന് അപേക്ഷ നൽകിയതെന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയിൽ, 2017 ൽ തന്നെ പോലീസ് കേസും എടുത്തിരുന്നു. എന്നാൽ തുടർനടപടികളൊന്നുമുണ്ടാകാത്ത സാഹചര്യത്തിൽ, മുതിർന്ന ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തണം. പരിശോധനകൾ നേരിടാൻ വേണ്ടി കുടുംബശ്രീ മുഖേന വ്യാജ രോഗികളെ എത്തിച്ചതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ദിനംപ്രതി 200 രൂപ വീതം കൂലി നൽകുന്നുണ്ട്. മെഡിക്കൽ കോളേജ് അനധികൃത കെട്ടിടത്തിലായതിനാൽ പഞ്ചായത്ത് നമ്പർ നൽകിയിട്ടില്ല. അതിനാൽത്തന്നെ മെഡിക്കൽ കോളേജ് പ്രവർത്തിക്കാനാവശ്യമായ വൈദ്യുതി കണക്ഷനും ഇല്ല. അധ്യാപകരുടെയും ഇതരജീവനക്കാരുടെയും സ്ഥിര നിയമനം നടത്തിയിട്ടില്ല. വിദ്യാർഥികളിൽനിന്ന് വളരെ ഉയർന്ന ഫീസ് ആണ് വാങ്ങുന്നതെങ്കിലും അതിനനുസരിച്ചുള്ള സൗകര്യങ്ങളൊന്നും മാനേജ്മെന്റ് നൽകുന്നില്ല. വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് ഒന്നിലെ പൊലീസ് ഇൻസ്പെക്ടർ വി ജയചന്ദ്രൻ ആണ് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് തുടർനടപടികൾക്കായി, വകുപ്പ് സെക്രട്ടറിക്ക് കൈമാറി.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd